ലണ്ടൻ: ഓണാഘോഷത്തിന് കേളികൊട്ടുയർത്തി കേരളത്തിൽ അങ്ങോളമിങ്ങോളം വള്ളംകളി മത്സരങ്ങൾ അരങ്ങേറുമ്പോൾ ബ്രിട്ടനിലും വള്ളംകളി മത്സരം.
യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയാണ് വള്ളംകളിയും കേരളപൂരവും സംഘടിപ്പിച്ചത്.
ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലീ ബ്രിട്ടീഷ് പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി. ചാന്‍സലര്‍ വള്ളംകളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് പതാക കൈമാറി നിര്‍വഹിച്ചു.
ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ പ്രഥമ മലയാളി സോജന് ജോസഫ് എംപി ആദ്യ തുഴ കൈമാറി. റോതര്‍ഹാം സിറ്റി കൗണ്‍സില്‍ മേയര്‍ ഹാറുണ്‍ റഷീദ്, ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ സജീഷ് ടോം എന്നിവര്‍ക്കൊപ്പം സെലിബ്രിറ്റി ഗസ്റ്റായി സനൂഷ സന്തോഷും കേരളപൂരത്തിന്റെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.
വള്ളംകളിയില്‍ ജനറല്‍ വിഭാഗത്തില്‍ 27 ടീമുകളും വനിതാ വിഭാഗത്തില്‍ അഞ്ച് ടീമുകളും പങ്കെടുത്തു. അയര്‍ലന്‍ഡില്‍ നിന്നെത്തിയ എമറാള്‍ഡ് ഡ്രാഗണ്‍സ് ബോട്ട് ക്ലബ്ബിന്റെ എടത്വാ വള്ളം ജലരാജാക്കന്മാരായി. വനിതാ വിഭാഗത്തില്‍ ലിമ ബോട്ട് ക്ലബ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനം നേടി.